Sunday, 19 April 2020

ദശാവതാരങ്ങൾ

ഹിന്ദുപുരാണങ്ങൾ അനുസരിച്ചു ത്രിമൂർത്തികളിൽ ഒരാളായ മഹാവിഷ്ണുവിന്റെ പ്രധാന 10 അവതാരങ്ങളെയാണ് ദശാവതാരങ്ങൾ എന്നു പറയുന്നത് . മത്സ്യം, കൂർമ്മം, വരാഹം, നരസിംഹം, വാമനൻ, പരശുരാമൻ, ശ്രീരാമൻ, ബലരാമൻ, ശ്രീകൃഷ്ണൻ, കൽക്കി എന്നിങ്ങനെയാണ് ദശാവതാരങ്ങൾ. ബലരാമനെ ഒഴിവാക്കി പകരം ബുദ്ധനെ ഉൾപ്പെടുത്തിയും ദശാവതാരസങ്കല്പമുണ്ട്. ജയദേവന്റെ ഗീതഗോവിന്ദത്തിൽ ബലരാമനെയും ബുദ്ധനേയും ഉൾപ്പെടുത്തിയിട്ടുണ്ട്. കൃഷ്ണൻ എന്ന പൂർണ്ണാവതാരത്തെക്കൂടാതെ പത്തു അവതാരങ്ങളുണ്ടെന്നാണു അതിലെ സങ്കല്പം. എന്നാൽ ചിലരുടെ അഭിപ്രായപ്രകാരം അവതാരങ്ങൾ 24 ആണ്. 23 എണ്ണവും കഴിഞ്ഞു. ആധുനിക ഹൈന്ദവ ദർശനത്തിന്റെ അടിസ്ഥാനഘടകങ്ങളിലൊന്നാണ് അവതാരം. വേദങ്ങളിലോ ആദ്യകാല ഹൈന്ദവ ധർമശാസനകളിലോ അവതാര സങ്കല്പത്തെക്കുറിച്ച് സൂചന ഇല്ല. ഹിന്ദുമതത്തിന്റെ വളർച്ചക്കിടയിൽ മറ്റുമതങ്ങളിൽ നിന്നും കൂട്ടിച്ചേർക്കപ്പെട്ടയും അവക്കായി രചിക്കപ്പെട്ട പുരാണങ്ങളുമാണ് ദശാവതാര വാദത്തിനടിസ്ഥാനം. വിവിധ പുരാണങ്ങളിൽ നൽകിയിട്ടുള്ള അവതാരകഥകൾ പരസ്പരവിരുദ്ധമാണെങ്കിലും അവതാരവാദത്തിന്റെ വികാസത്തിനിടക്ക് മഹാവിഷ്ണുവിന്റെ പത്ത് മുഖ്യ അവതാരങ്ങളുടെ നിശ്ചിതക്രമത്തിലുള്ള പരമ്പര സർവസമ്മതമായത് ക്രി.വ. എട്ടാം നൂറ്റാണ്ടു മുതൽ ആണ്. ഇതിനിടെ, വൈഷ്ണവ മതത്തെ പ്രബലമായി പ്രചരിപ്പിച്ചവർ മഹാവിഷ്ണുവിന്റെ അവതാരങ്ങളും ശൈവമതത്തിന്റെ പ്രചാരകർ ശിവന്റെ പുത്രന്മാരും ആയി വർണ്ണിക്കപ്പെട്ടെന്ന് വാഗ്ഭടാനന്ദൻ അഭിപ്രായപ്പെട്ടിട്ടുണ്ട്.

     അവതാരവാദത്തിന്റെ ആശയം ആദ്യം ലഭിക്കുന്നത് ശതപഥബ്രാഹ്മണത്തിൽ നിന്നുമാണ്. ഋഗ്വേദത്തിൽ വിഷ്ണുവിനെക്കുറിച്ചു പരാമർശങ്ങൾ ഒന്നുമില്ലെങ്കിലും ശതപഥത്തിൽ അങ്ങിങ്ങായി പരാമർശിക്കുന്നുണ്ട്. പ്രാരംഭത്തിൽ വിഷ്ണുവിനേക്കാൾ പ്രജാപതിക്കായിരുന്നു പ്രാമാണ്യം. ശതപഥത്തിൽ പ്രജാപതിതന്നെയാണ് മത്സ്യം,  കൂർമ്മം, വരാഹം, എന്നീ അവതാരങ്ങൾ എടുത്തിരുന്നത്. പ്രജാപതി വരാഹത്തിന്റെ രൂപം ധരിക്കുന്നതിനെപ്പറ്റിയുള്ള കഥ തൈത്തിരീയ ബ്രാഹ്മണത്തിലും തൈത്തിരീയ ആരണ്യകത്തിലും കാഠകസംഹിതയിലും പ്രാരംഭരൂപത്തിലുമുണ്ട്. രാമായണത്തിന്റെ ദാക്ഷിണാത്യപാഠത്തിലും ഇത് കാണുന്നുണ്ട്. എന്നാൽ പുരാണങ്ങളിൽ പ്രജാപതിയുടെ അവതാരമായാണ് വിവരിക്കുന്നത്. എന്നാൽ ഇതേ പുരാണത്തിൽ വിഷ്ണുവിന്റേയും ബ്രഹ്മസ്വരൂപമായ നാരായണന്റേയും അഭിന്നതയെപ്പറ്റി പ്രതിപാദിച്ചിരിക്കുന്നു. പ്രാരംഭത്തിൽ പ്രജാപതിയോടും പിന്നീട് വിഷ്ണുവിന്റെ മഹത്ത്വം വർദ്ധിച്ചതിനാൽ വിഷ്ണുവിന്റെയും അവതാരമായി കരുതപ്പെടാൻ തുടങ്ങുകയും ചെയ്തതായിട്ടാണ് ചരിത്രകാരന്മാർ വിവരിക്കുന്നത്.

വാമനാവതാരത്തിനും നരസിംഹാവതാരത്തിനും പ്രാരംഭം മുതൽക്കേ വിഷ്ണുവുമായി ബന്ധം കാണുന്നുണ്ട്. പരശുരാമനെ സംബന്ധിച്ചുള്ള പ്രാരംഭ കഥകളിൽ അവതാരകാരണത്തിനുള്ള സൂചനകളൊന്നും ലഭിക്കുന്നില്ല. എന്നാൽ നാരായണീയോപാഖ്യാനത്തിലും വിഷ്ണുപുരാണത്തിലും പരശുരാമനെ വിഷ്ണുവിന്റെ അവതാരമായി പരിഗണിച്ചിരിക്കുന്നു.

ബ്രാഹ്മണങ്ങളിലും അതുപോലുള്ള പ്രാചീന ഗ്രന്ഥങ്ങളിലും അവതാരവാദങ്ങൾ ഉണ്ടെങ്കിലും അവയുടെ രചനാകാലത്ത് അവതാരങ്ങളെ ദേവതകളായി പൂജിച്ചിരുന്നില്ല എന്നത് വിഷ്ണുവിന് പ്രാധാന്യം കുറവായിരുന്നു എന്നതിനാലായിരിക്കാം എന്നാണ് ഡോ. കാമിൽ ബുൽക്കേ അവകാശപ്പെടുന്നത്. എന്നാൽ കൃഷ്ണാവതാരത്തോടൊപ്പം അവതാര വാദത്തിന്റെ വികാസത്തിൽ ഗണ്യമായ പരിവർത്തനം നടന്നു. വസുദേവകൃഷ്ണനെ വിഷ്ണുവിന്റെ അവതാരമായി കരുതാൻ തുടങ്ങിയതോടെ ഭാഗവതരെ തങ്ങളിലേക്കാകർഷിക്കാൻ ബ്രാഹ്മണർക്കായി. അവതാരവാദത്തിനു ഗണ്യമായ പ്രോത്സാഹനം അങ്ങനെ ലഭിച്ചു. താമസിയാതെ രാമനെയും അവതാര വാദത്തിൽ ഉൾപ്പെടുത്തി. രാമായണം ക്ഷത്രിയരുടെ സ്വന്തം കൃതിയായിരുന്നു. എന്നാൽ രാമായണത്തിന്റെ പ്രചാരത്തോടനുബന്ധിച്ച് രാമന്റെ ജനപ്രീതിയും ക്ഷത്രിയർക്കും മറ്റു ജനങ്ങൾക്കുമിടയിൽ വർദ്ധിച്ചു വന്നതോടെ രാമനേയും വിഷ്ണുവിന്റെ അവതാരമായി കരുതപ്പെടാൻ തുടങ്ങിയതും ഈ അവതാരവാദത്തിന്റെ സ്വാഭാവിക വികാസപരിണാമമായാണ് കാണുന്നത്. ഉത്തരകാണ്ഡത്തിൽ മാത്രം അവതാരവാദത്തെപ്പറ്റി പരാമർശമുള്ളതും പിന്നീടുള്ള പ്രക്ഷേപങ്ങളിൽ ഈ വാദം കൂടുതലും കാണപ്പെടുന്നതിനും തെളിവായി കാണിക്കപ്പെടുന്നത്.

അവതാരവാദത്തിന്റെ പരിണാമത്തിനിടയിൽ ക്രി.വ. 7-8 നൂറ്റാണ്ടുകളിൽ ശ്രീബുദ്ധനേയും വിഷ്ണുവിന്റെ അവതാരമായി കണക്കാക്കപ്പെട്ടു.

പ്രാചീന സാഹിത്യത്തിലും പുരാണങ്ങളിലും ക്രി.വ. ഏട്ടാമാണ്ടുവരെ അവതാരങ്ങളുടെ സംഖ്യകളിലും പേരിലും ഐക്യരൂപം കാണുന്നില്ല. നാരായണീയോപാഖ്യാനത്തിൽ വിഷ്ണുവിന് ആറു അവതാരങ്ങൾ ആണുള്ളതെങ്കിൽ (വരാഹം, നരസിംഹം, വാമനൻ, ഭാർഗ്ഗവരാമൻ, ദാശരഥിരാമൻ, വാസുദേവകൃഷ്ണൻ)  ഇതേ ഉപാഖ്യാനത്തിലെ മറ്റൊരിടത്ത് നാലു അവതാരങ്ങളുടെ (വരാഹം, നരസിംഹം, വാമനൻ, മനുഷ്യാവതാരം) പരാമർശമേയുള്ളൂ.  വിഷ്ണുപുരാണത്തിൽ പ്രജാപതിയുടെ കൂർമ്മവരാഹവതാരങ്ങളെപ്പറ്റി പറയുന്നുണ്ടെങ്കിലും മറ്റൊരിടത്ത് ആദിത്യൻ, ഭാർഗ്ഗവൻ, രാമൻ, കൃഷ്ണൻ എന്നിങ്ങനെ നാല് അവതാരങ്ങളുടെ മറ്റൊരു പട്ടികയാണ് പ്രദർശിപ്പിക്കുന്നത്. പതിനൊന്നാം ശതകത്തിൽ ദശാവതാരചരിത്രം എന്ന കൃതിയിലാണ് ബുദ്ധനെ ആദ്യമായി വിഷ്ണുവിന്റെ അവതാരമായി അവതരിപ്പിച്ചിരിക്കുന്നത്. താമസിയാതെ ജയദേവകവിയും ഗീതാഗോവിന്ദത്തിൽ ഇതേ രീതി പിന്തുടർന്നതായും കാണാം.

ഭാഗവതപുരാണത്തിലെ അവതാരങ്ങളുടെ പട്ടികയിൽ രണ്ടുപ്രാവശ്യം ഇരുപത്തിരണ്ടും ഒരു പ്രാവശ്യം ഇരുപത്തിയൊന്നും അവതാരങ്ങളുടെ പേരുകൾ രേഖപ്പെടുത്തിയിരിക്കുന്നു. അവിടെയും പലക്രമത്തിലും രൂപത്തിലുമാണ്. ഐക്യരൂപമില്ല.

No comments:

Post a Comment