Friday, 20 March 2020

ഒറ്റ രഹസ്യങ്ങളുടെ കലവറ


"ഒറ്റ" രഹസ്യങ്ങളുടെ ഒരു കലവറയാണ്. ഒറ്റ എന്നാൽ എണ്ണൽ സംഖ്യയിൽ അത് ഒന്നിനെ സൂചിപ്പിക്കുന്നു. ഒരു അഭ്യാസിക്ക് വേണ്ട എല്ലാം അതിലുണ്ട്. ചർച്ച അതെത്ര ചെയ്താലും, പഠനത്തിന്ന് വിധേയമാക്കുന്തോറും കൂടുതൽ കൂടുതൽ അറിവുകൾ സമ്മാനിക്കുന്ന ഒരായുധം"

  കോൽത്താരി ഇനത്തിലെ പ്രധാനപ്പെട്ട ഒരായുധമാണ് "ഒറ്റ" എന്ന് നാം മനസ്സിലാക്കി യിറ്റുണ്ട്. കളരിവിദ്യയിലെ നാലാമത്തെ ഭാഗമായ വെറുംകൈ മുറയിലേക്കുളള ഒരു തയ്യാറെടുപ്പ് എന്നും ഒറ്റ പയറ്റിനെ വിശേഷി പ്പിക്കാറുണ്ട്.

  ഒറ്റകൃത്യമായി പരിശീലനം സിദ്ധിച്ച ഒരഭ്യാസിയുടെ കൈ എടുക്കുന്ന രീതി, കാൽവെക്കുന്ന രീതി, പ്രയോഗരീതി, ആക്രമണ - പ്രതിരോധ രീതി, നോട്ടം, ചിന്ത തുടങ്ങി എല്ലാം തിരിച്ചറിയാനാകും. അങ്ങനെ പരിശീലിച്ച ഒരാൾക്ക് പ്രയോഗ പ്രതിരോധത്തിന്ന് മറ്റൊന്നും പഠിക്കണമെന്നില്ല.

  വിദ്യ അറിയുന്നവരുടെ ചർച്ചയിൽ കൂടുതലും വിഷയമായി വരാറുള്ളത് ഒറ്റ തന്നെ. മനുഷ്യശരീര ഘടനയോട് അടുത്തു നിൽക്കുന്നു ഒറ്റക്കോലിന്റെ രൂപം. രണ്ട് പേർ ചേർന്നാണ് സാധാരണ ഒറ്റ പരിശീലീക്കാറ്. എന്നാൽ തുണയില്ലാതെ സ്വന്തത്തിൽ പരിശീലിപ്പിക്കുന്ന രീതിയും അവലംഭിക്കുന്നുണ്ട്. ഇവിടെയാണ് വടക്കൻ ശൈലിയിലെ രണ്ട് രീതികളായ പിള്ളതാങ്ങി, അറപ്പക്കൈ എന്നിവക്ക് പ്രസക്തി വരുന്നത്.

  ഒറ്റപ്പയറ്റില്‍ 64 കോലുകളും, 64 ചുവടു കളും, 64 കൂലമര്‍മ്മങ്ങളിലേക്കുള്ള പ്രയോഗങ്ങളും അടങ്ങിയിരിക്കുന്നു എന്നാണ് പൊതുവെ പറഞ്ഞ് വരുന്നത്. അങ്ങനെ വരുന്നത് ആവർത്തന പ്രവർത്തിയിൽ കൂടിയാണ്. നേർ രേഖയിൽ പയറ്റുമ്പോൾ 18 സ്ഥാനങ്ങളിലേക്ക് മാത്രമേ (ഒറ്റ എന്ന പയറ്റ് മുറയിൽ രേഖപ്പെടുത്തിയിട്ടുള്ള സ്ഥാനങ്ങൾ) പ്രയോഗമുള്ളൂ. ഇതൊക്കെ യഥാർത്ഥ ഗുരുമുഖത്ത് നിന്ന് നേരിൽ അറിയാൻ ശ്രമിച്ചാൽ വളരെ ഗുണകരം.

  ഒറ്റയെപ്പറ്റി എന്റെ ഒരു ഗുരുനാഥന്റെ വാക്കുകൾ ഞാനിവിടെ സ്മരിക്കുന്നു.

    "ഒറ്റയെ അറിയുവാൻ ഇരട്ടക്ക്
      അറിഞ്ഞാൽ പിന്നെ ഒറ്റക്ക്
       കണ്ടാൽ പിന്നെ മൂലക്ക് "

No comments:

Post a Comment