Friday, 15 November 2019

ഒറ്റ (ഒറ്റക്കോൽ)

                 

        കളരിപ്പയറ്റിലെ ആയുധങ്ങളില്‍ പ്രധമസ്ഥാനത്ത് നില്‍ക്കുന്ന ഒരായുധമാണ് ഒറ്റ. തടികൊണ്ടുണ്ടാക്കുന്ന ഇത് ഒരു പ്രത്യേക വളവോട് കൂടിയതായിരിക്കും. സാധാരണനിലയില്‍ അഭ്യാസ പരിശീ ലനത്തിന്ന് മാത്രമുപയോഗിക്കുന്ന ഇത് മറ്റ് ആയുധങ്ങളെപ്പോലെ ആത്മരക്ഷാര്‍ത്ഥം അഭ്യാസികള്‍ ഒപ്പം കൊണ്ടുനടക്കാറില്ലെന്ന് മാത്രമല്ല, ഒറ്റകൊണ്ട് ദ്വന്ദ്വയുദ്ധമോ മറ്റോ ഇന്ന്‍ വരെ നടന്നതായി അറിവിലും ഇല്ല. എന്നിട്ടും എന്ത് കൊണ്ടാണ് ഈ ആയുധത്തിന്ന് ഇത്രമാത്രം പ്രധാന്യം കൈവരാന്‍ കാരണം? എന്തൊക്കെയാണ് ഇത് കൊണ്ട് അഭ്യസിച്ചാലുള്ള ഗുണങ്ങള്‍ ?

നിർമ്മാണം :-
       ഒറ്റ ഉണ്ടാക്കുന്നത് പുളിമരത്തിന്റെ കാതല്‍ കൊണ്ടോ അല്ലങ്കില്‍ വേര് കൊണ്ടോ ആണ്. രണ്ട് വളവുകളാണ് ഒറ്റക്കോലിനുള്ളത്. പിടിമുതല്‍ ആദ്യത്തെ വളവ് തുടങ്ങുന്നത് വരെയുള്ള ഭാഗത്തിന്ന് 'തണ്ട ' എന്നും ആദ്യത്തെ വളവ് മുതല്‍ രണ്ടാമത്തെ വളവ് തുടങ്ങുന്നത് വരെയുള്ള ഭാഗത്തിന്ന്  'താങ്ങ് ' എന്നും ഭാക്കിയുള്ള ഭാഗത്തിന്ന്  'മുന ' എന്നും പറയുന്നു. തണ്ടയും പിടിയും ചേരുന്ന സ്ഥലത്ത്  'ആത് ' എന്ന ഒരു കൈമറ ഉണ്ടായിരിക്കുന്നതാണ്. പിടിയുടെ അറ്റത്ത് 'മലര് ' എന്ന ഒരു തടസ്സവും ഉണ്ടാകും. പിടി ഒഴിച്ചുള്ള ഭാക്കി ഭാഗങ്ങള്‍ക്കു 14 വിരല്‍ നീളമാണ് സാധാരണം. അതായത് പുരുഷ പ്രമാണ പ്രകാരം ഈ ദൂരം പുരുഷസ്കന്ധങ്ങള്‍ ക്കിടയിലുള്ള ദൂരമാണ്. ഇതിന്റെ കൃത്യമായ അളവുകള്‍ ചിത്രത്തില്‍ കൊടുത്തിട്ടുണ്ട്.

ഉപയോഗം :-
      തണ്ടയില്‍ വീഴുന്ന പ്രഹരങ്ങള്‍ കൈക്കു കൊള്ളാതിരിക്കാന്‍ ആത് എന്ന മറ സഹായിക്കുന്നു.  പ്രതിയോഗിയുടെ പ്രഹരങ്ങള്‍ എല്‍ക്കാതെ തടുക്കുവാന്‍ ഇത് സഹായിക്കുന്നു. കോലിന്റെ തണ്ട ഭാഗം കൊണ്ടാണ് പ്രതിയോഗിയുടെ പ്രഹരങ്ങള്‍ തടുക്കുന്നത്. താങ്ങ് എന്ന ഭാഗം കൊണ്ട് പ്രഹരിക്കുവാനും മുന എന്ന ഭാഗം കൊണ്ട് മര്‍മ്മസ്ഥാനങ്ങളിലേക്ക് തട്ടാനും നീട്ടാനും ഉപയോഗിക്കുകയും ചെയ്യുന്നു. മാത്രമല്ല മലര് എന്ന ഭാഗം ഒറ്റയിലെ പ്രധാനപ്പെട്ടതാണ്.

എവിടെ പഠിപ്പിക്കുന്നു :-
                ഒറ്റക്കോല്‍ കൊണ്ടുള്ള പയറ്റ്മുറകള്‍ എല്ലാ കളരികളിലും കാണപ്പെടുന്നില്ല. പ്രത്യേകിച്ച് വടക്ക് കഴിഞ്ഞുള്ള  കേരളത്തിലെ കളരികളില്‍. തൃശ്ശൂര്‍ മുതല്‍ വടക്കോട്ടുള്ള കളരികളി ലാണ് ഇത് കാണപ്പെടുന്നത് (വടക്കൻ സമ്പ്രദായം പഠിപ്പിക്കുന്ന കളരികളിൽ). എന്നാൽ വടക്കുള്ള വട്ടേൺ തിരിപ്പ് സമ്പ്രദായത്തിലും ഇത് കാണപ്പെടുന്നില്ല.

ഗുണങ്ങൾ :-
         ഒറ്റകൊണ്ടുള്ള പരിശീലനം കൊണ്ട് അഭ്യാസിക്ക് കിട്ടുന്ന ഗുണം, സ്വന്തം കൈകള്‍ കൊണ്ട് പ്രതിയോഗിയുടെ ശരീരത്തിന്റെ പ്രധാന ഭാഗങ്ങളിലേക്കു കൈ എത്തിക്കാൻ പറ്റുന്നു എന്നതാണ്. പ്രതിയോഗിക്ക് നേരെയുള്ള അടിയും വെട്ടും തട്ടും നീട്ടലും ഒക്കെയുള്ള അടിസ്ഥാന പരിശീലനമാണ് ഒറ്റ അഭ്യസിക്കുന്നതിലൂടെ നേടാന്‍ കഴിയുന്നത്. ഇത് തന്നെയാണ് ഒറ്റക്കുള്ള പ്രധാന്യവും.
'ഒറ്റ ഒരു നിമിത്തം മാത്രമാണ്, കൈ കൊ ണ്ടും ദേഹം കൊണ്ടും ചെയ്യുന്ന പ്രവൃത്തി കള്‍ ശരിയായ രീതിയില്‍ ചെയ്യാന്‍ പരിശീ ലിപ്പിക്കാനുള്ള ഒരു ഉപകരണം മാത്രം ' എന്ന്‍ ഒറ്റയെ കുറിച്ച് പറയാറുണ്ട്. ഒറ്റ പയറ്റി തെളിഞ്ഞ ആളെ മാത്രമേ പണ്ടൊക്കെ അഭ്യാസിയായി കണക്കാക്കപ്പെട്ടിരുന്നുള്ളൂ എന്നുള്ളത് ഒരു വസ്തുതയാണ്.

       ഒന്നാമത്തെ  ഒറ്റപ്പയറ്റില്‍ ആവർത്തന ത്തോട് കൂടി 64 കോലുകളും, 64 ചുവടുകളും, 64 കൂലമര്‍മ്മങ്ങളിലേക്കുള്ള പ്രയോഗങ്ങളും, അടങ്ങിയിരിക്കുന്നു. എന്നാൽ നേർരേഖയിൽ ആവർത്തനമില്ലാതെ 18 മർമ്മസ്ഥാനങ്ങളിലേക്ക് മാത്രമേ പ്രയോഗമുള്ളൂ. നിലം പറ്റിയമര്‍ച്ചയും പറക്കും പോലെ ഉയര്‍ന്ന് പൊങ്ങിയുള്ള ചാട്ടങ്ങളും കൊണ്ട് എതിരാളിയെ തറപറ്റിയ്ക്കാനുതകുന്ന ആക്രമണങ്ങളും, എതിരാളിയുടെ നീക്കങ്ങളെ തടയാനുള്ള ചടുലമായ ഒഴിവുകളും ഒക്കെ അടങ്ങിയ അഭ്യാസമാണ് ഇത്. 'ഒറ്റയ്ക്ക് ഉലയ്ക്കാം'  'ഒടുവില്‍ ഒറ്റ മതി' എന്നല്ലാമുള്ള പയറ്റ് മൊഴികള്‍ ഇവിടെ സ്മരണീയമാണ്.

    ഇത് അഭ്യസിക്കുന്നവര്‍ മെയ് വയക്കത്തോടും സൂക്ഷ്മതയോടും കൂടിയാണ് ചെയ്യേണ്ടത്. അതിന് മെയ് സ്വാധീനം, ഹസ്ത ലാഘവം, വേഗത, സൂക്ഷ്മദൃഷ്ടി, പാദപ്രവര്‍ത്തന പരിജയം എന്നിവ അത്യാവശ്യമാണ്. ഒറ്റ പയറ്റ് പഠിപ്പിക്കുന്ന കളരികളില്‍ തന്നെ ഒറ്റക്കോല്‍ പിടിക്കുന്ന രീതികളില്‍ വ്യത്യാസപ്പെട്ട് കാണുന്നുണ്ട്.

    കൂടുതൽ അറിവുകൾക്ക് കാത്തിരിക്കുക

No comments:

Post a Comment