കളരി വിദ്യയിൽ ഉപയോഗിക്കുന്ന ഒരു തരം ഉലയുന്ന മൂർച്ചയുള്ള ഒരായുധമാണ് ഉറുമി. ഇത് അരയിൽ ബെൽറ്റ്പോലെ ധരിക്കാൻ കഴിയുന്നതും ആവശ്യാനുസരണം വലിച്ചൂരി എടുക്കാൻ പറ്റുന്നതുമായ ഒരിനം ആയുധം തന്നെ. ഇതിന് വാളിനെ പോലെ കൈപിടി ഉണ്ടാകും. പിടിയിൽ നിന്ന് മുന്നോട്ട് പോകുന്തോറും ക്രമേണെ ലോലമായി വരുന്നതും രണ്ട് അരികുകളും മൂർച്ചയുള്ളതും വാളിനേക്കാൾ വീതി കുറഞ്ഞതുമായിരിക്കും ഇതിന്റെ അലക്. നല്ല പരിശീലനം ഉള്ളവർക്കെ ഉറുമിയുടെ അരിക് കൊണ്ട് വെട്ടിമുറിക്കാൻ കഴിയുകയുള്ളൂ. അത് പോലെ സുഗമമായി ഉപയോഗിക്കാൻ മെയ് സ്വാധീനം നിർബന്ധവുമാണ്.
ഉറുമി എന്ന വാക്കിനെ പറ്റി എന്നും ചർച്ച ചെയ്യപ്പെട്ടിറ്റുണ്ട്. അതിന്നും തുടരുകയും ചെയ്യുന്നു. ഉറുമി എന്ന പദം എങ്ങിനെ വന്നു ? എവിടുന്നു വന്നു ?
റമ എന്നത് അറബി പദമാണ്. എറിഞ്ഞു എന്നർത്ഥം. റമ്യ്യ് (റംയ്യ് ) എയ്യുക, തൊടുക്കുക എന്നർത്ഥം വരുന്നു. അതിന്റെ മറ്റൊരു പദമാണ് ഇർമി. എറിയുക, വീശുക എന്നൊക്കെ സാരം. യഥാർത്ഥത്തിൽ ഇർമി എന്ന വാക്ക് ലോപിച്ച് ഉണ്ടായ പദമാണ് ഉറുമി.
കളരി വിദ്യയിൽ ഉറുമിപ്പയറ്റ് ഒരു ഘട്ടമാണ്. അയോധന വിദ്യയുടെ കരുത്തും സൗന്ദര്യം ഒത്തിണങ്ങിയ ഒരായുധം കൂടിയാണ് ഉറുമി. തെക്കൻ കളരിയിലും വടക്കൻ കളരിയിലും ഒരേപോലെ പ്രാധാന്യമുള്ള ആയുധമാണ് ഉറുമി. കൈ വേഗവും മെയ് വഴക്കവും ശ്രദ്ധയും ഒരു പോലെ ആവശ്യമുള്ള ആയുധ വിഭാഗമാണിത്. ഉലയുന്ന വാളായ ഉറുമി ശ്രദ്ധിക്കാത്ത പക്ഷം ഉപയോഗിക്കുന്ന വർക്ക് തന്നെ അപകടത്തിന്ന് സാധ്യത കൂടുതലാണ്. അതിവേഗത്തിലുള്ള വീശി കൊണ്ടുള്ള വെട്ടുകളാണ് ഇതിന്റെ പ്രയോഗം.
ഉറുമി കൊണ്ടുള്ള വെട്ടുകൾ പരിച കൊണ്ടാണ് തടുക്കുക. പരിച കൂടാതെ വെറുംകൈ കൊണ്ട് നേരിടുന്ന രീതിയും ഉണ്ട്. ഒരലകുള്ള ഉറുമിയാണ് ഉറുമിയും പരിചയും പയറ്റുമ്പോൾ ഉപയോഗിക്കുക. മറ്റൊന്ന് വീശലാണ്. അദ്യ കാലങ്ങളിലൊക്കെ ഒരലകുള്ളത് തന്നെയാണ് വീശാൻ ഉപയോഗിച്ചിരുന്നത് എങ്കിൽ ഇന്ന് ഒന്നിൽ കൂടുതൽ അലകുള്ള ഉറുമി ഉപയോഗിച്ച് വരുന്നു. നിരന്തര പരിശീലനം ഇതിന്ന് അത്യാവശ്യമാണ്. തേങ്ങയുടെ പച്ചമടൾ കയറിൽ കെട്ടി വീശിയാണ് ഇത് അഭ്യസിച്ച് പഠിക്കുക.

No comments:
Post a Comment