Monday, 23 March 2020

ഒറ്റയെ നാമറിയാതെ പോകരുത്



    എന്നും വിവാദങ്ങൾക്കും ചർച്ചകൾക്കും പഞ്ഞമില്ലാത്ത ഒരേയൊരു ആയുധമാണ് വടക്കൻ കളരിയിലെ ഒറ്റ.
    വടക്കൻ കളരി ശൈലിയുടെയും മൊത്തത്തിൽ കളരിയഭ്യാസത്തിന്റെയും മർമ്മം എന്ന് വിശേഷിപ്പിയ്ക്കുന്ന ഒരു പയറ്റ് മുറയാണ് ''ഒറ്റ" എന്നതിൽ സംശയമില്ല. കളരിയഭ്യാസത്തിലെ കോൽത്താരിയിന ത്തിലെ പ്രധാനമുള്ളതും എന്നാൽ പ്രയാ സമുള്ളതുമായ ഉപരിവിദ്യ തന്നെയാണ് ഒറ്റ.
       ഗജസിംഹ(ഒറ്റയാനും സിംഹവും) തമ്മിൽ ഏറ്റ് മുട്ടുമ്പോൾ ഇരുവർക്കുമു ണ്ടാകുന്ന അംഗചലനങ്ങൾ അഭ്യാസി ഒരേ സമയം തന്റെ ശരീരം കൊണ്ട് പ്രകടിപ്പിക്കുന്നത് കൊണ്ടാണ് ഇതിന് ഒറ്റ എന്ന് നാമകരണം വന്നതെന്ന് ഒരഭിപ്രായം.
ഗണപതിയുടെ മുറിച്ച് മാറ്റപ്പെട്ട കൊമ്പിൽ നിന്നാണ് ഒറ്റ രൂപപ്പെടുത്തിയതെന്നും അത് കൊണ്ടാണ് ഒറ്റ എന്ന് നാമകരണം ചെയ്തതെന്ന് മറ്റൊരു അഭിപ്രായം. അതല്ല, തുല്ല്യ പോരാളികളായ രണ്ട് ആനകൾ തമ്മിലുള്ള ഏറ്റ് മുട്ടലായും, കേവലം ഒരായുധപ്പയറ്റ് മാത്രമാണിതെന്നും അഭിപ്രായമുള്ളവരുമുണ്ട്. ഈ ആയുധ ത്തിന്റെ പ്രത്യേകതയും ആയുധത്തിന്റെ ആകൃതി വിശേഷത്വവും കൊണ്ടാണ് ഇംഗ്ലീഷിൽ അസാധാരണമായ എന്നർത്ഥമുള്ള Odd ന്റെ സംസ്കൃതമായ ഓജയുടെ തത്ഭവമായ ഒറ്റ എന്ന പേര് വന്നതെന്നും അഭിപ്രായമുണ്ട്.

    ഏതൊരാൾക്കും അവരവരുടെ വിശ്വാസപരമായും അല്ലാതെയുമുള്ള അഭിപ്രായങ്ങളും നിഗമനങ്ങളും ഉണ്ടാകാം.
    കോൽത്താരി വിഭാഗത്തിൽപ്പെട്ട ആയുധങ്ങളിൽ തികച്ചും പ്രത്യേകതയാർന്ന ഒരിനം തന്നെയാണ് ഒറ്റ. ശരീര വഴക്കത്തി ന്റെയും പ്രയോഗരീതികളുടെയും ശരിയായ ചലനവും ക്രിത്യതയും നമുക്ക് ഇതിൽ ദർശിക്കുവാൻ പറ്റും. എന്നാൽ മർമ്മ പ്രയോഗങ്ങളുടെയും ആയുധപ്രയോഗ തന്ത്രങ്ങളുടെയും സത്ത മുഴുവൻ ഒറ്റപ്പയറ്റിൽ ക്രോഡീകരിച്ചിറ്റുണ്ടന്നതാണ് വാസ്തവം.
    ഒറ്റ എന്ന  ആയുധത്തിന്ന് ആറ് ഭാഗങ്ങളാണ് ഉള്ളത് (മൊട്ട്, താങ്ങ്, തണ്ട്, ആത്, പിടി, മലര് ). ഒന്നാമത്തെ ഒറ്റയിൽ ആറ് അറപ്പ് (ഭാഗങ്ങൾ)കളുമാണ് ഉള്ളത്. അതെ പോലെ ആറ്  ലക്ഷ്യങ്ങളെ ഇത് പ്രതിനിധാനം ചെയ്യുന്നു. ആറ് ഭാഗങ്ങളാണ് ഒന്നാമത്തെ ഒറ്റയിൽ. അറുപത്തിനാല് കോല്, അറുപത്തിനാല് ചുവട്, അറുപത്തിനാല് (ആവർത്തനസഹിതം) സ്ഥാനങ്ങൾ.
     (തുടരും)

No comments:

Post a Comment